National
ന്യൂഡൽഹി: ഒന്‍പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്റെ അഭൂതപൂർവമായ നടപടി.
ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.
സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നു. കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് ആന കൊന്പുകൊണ്ട് കുത്തിത്തകർത്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം വാവേലിയിൽ ജനവാസ മേഖലയിൽ എത്തിയത്. ആറ് ആനകൾ ഉണ്ടായിരുന്നു.
സംഭവസമയം അനീഷിന്റെ മാതാവ് ഓമന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടത്തിലും ആനക്കൂട്ടം നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തിനെതിരേ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Kerala
ഇടുക്കി: കാപ്പിക്കുരു പറിക്കുന്നതിനിടെ വയോധികനെ കാട്ടാന ആക്രമിച്ചു. ഇടുക്കി മാങ്കുളത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Kerala
കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ടിഎസ്ആർ ഫാക്ടറിക്കു സമീപമുള്ള ശിവക്ഷേത്രത്തിനും സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കും നേരേ കാട്ടാന ആക്രമണം. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കട്ടിളയും ഓഫീസിന്റെ വാതിലും തകർത്ത ആനകൾ അകത്തുണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു.
ക്ഷേത്രത്തിനു തൊട്ടടുത്തുള്ള രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേഴ്സുകൾക്കുനേരേയാണ് ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ സാധനസാമഗ്രികൾ നശിപ്പിച്ചു. ഒരു മാസം മുമ്പ് ഇതേ പ്രദേശത്തെ പള്ളിയും കാട്ടാനകൾ ആക്രമിച്ചിരുന്നു.
ടിഎസ്ആർ ക്വാർട്ടേഴ്സ് പരിസരത്ത് ആനഭീഷണി രൂക്ഷമായതിനെത്തുടർന്ന് അറുപതോളം കുടുംബങ്ങളാണ് ഇതിനകം സ്ഥലം മാറിപ്പോയത്. നിലവിൽ ഇവിടെയുള്ള തൊഴിലാളികൾ രാത്രികാലങ്ങളിൽ വെറ്റിലപ്പാറ ഭാഗത്തെ വാടകവീടുകളിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
ലയങ്ങൾക്കു ചുറ്റും പവർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ മൂലം കോർപറേഷനു വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. പ്രദേശത്തു വനപാലകരും വാച്ചർമാരും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തിൽ അംഗബലം കുറവായതിനാലും പല സ്ഥലങ്ങളിലായി ആന ഇറങ്ങുന്നതുകൊണ്ടും അവരും നിസഹായരാണ്.
Kerala
ഇടുക്കി: മൂന്നാറിൽ കാർ യാത്രക്കാരെ വിരട്ടി കാട്ടുകൊമ്പൻ. ഇന്നു രാവിലെ നല്ലതണ്ണി റോഡിലായിരുന്നു സംഭവം. മൂന്നാർ ടൗണിൽനിന്നു രണ്ടര കിലോമീറ്റർ ദൂരെ ഡോക്ടേഴ്സ് ബംഗ്ലാവിലേക്കു പോകുന്ന വഴിയിലാണ് ആനയെക്കണ്ട് വഴിയിൽ ഒതുക്കിയ കാറിനു സമീപത്തുകൂടി ചിന്നംവിളിച്ച് ആന കടന്നുപോയത്.
കഴിഞ്ഞ കുറെ ദിവസമായി പടയപ്പ എന്ന കൊമ്പനും മറ്റു ചില കൊമ്പൻമാരും മൂന്നാറിന്റെ പല ഭാഗത്തും റോഡിൽ ഇറങ്ങുന്നുണ്ട്. പടയപ്പ ഇടയ്ക്കിടെ ആക്രമണങ്ങളും നടത്തുന്നുണ്ട്. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ആനകളുടെ നാട്ടിലേക്കുള്ള ഇറക്കം.
ആനകളെ ടൗണിൽനിന്നു തുരത്തണമെന്ന് നാട്ടുകാരും വ്യാപാരികളുമെല്ലാം തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണ്. പടയപ്പ വീടുകൾക്കു നേരെയും കടകൾക്കു നേരെയും ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ കാലങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടുകൊമ്പന്റെ പരാക്രമം. വീടുകളടക്കം നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മുതലാണ് സംഭവത്തിനു തുടക്കം. പുലർച്ചെ അഞ്ചോടെ അങ്ങാടിക്കടവ് സ്കൂളിന് സമീപം കണ്ട കൊമ്പൻ പിന്നീട് വലിയപറമ്പിൻകരി ആശാൻ കുന്നിലെ റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു.
വനം വകുപ്പ്, ആർആർടി, പോലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. പാറയ്ക്കാമല മേഖലയിൽനിന്ന് എത്തിയ കൊമ്പനാണ് രാത്രി വൈകിയും തിരികെ പോകാതെ മേഖലയിൽ പരിഭ്രാന്തി പരത്തുന്നത്.
പ്രദേശവാസികൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകി. മേഖലയിൽ ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്കു മുന്നറിയിപ്പ് നൽകി. ആന കടന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസും വനം വകുപ്പ് അധികൃതരും കാവൽ ഏർപ്പെടുത്തി.
മൂന്നരയോടെ ആരംഭിച്ചു
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ആശാൻകുന്നിൽ നിലയുറപ്പിച്ച ആനയെ വനം ആർആർടി സംയുക്ത ടീം തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ജനവാസ മേഖലയായ ഇവിടം വനത്തിനോട് ചേർന്ന പ്രദേശം ആയതുകൊണ്ട് ഇതുവഴി വനത്തിലേക്കു കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ ഈന്തുംകരി അടിവാരത്തിനു സമീപം റോഡ് മുറിച്ചുകടക്കാതെ ആന അക്രമാസക്തമാകുകയായിരുന്നു.
ഇവിടെ രണ്ടു വീടുകളുടെ ഷെഡും ഒരു മെഷീൻ പുരയും ആന തകർത്തു. കുരിശുംമൂട്ടിൽ ചാക്കോ, പുത്തൻ പുരയ്ക്കൽ റോയി എന്നിവരുടെ വീടിന്റെ ഷെഡുകളും വട്ടുകുളം ബിജോയിയുടെ മെഷീൻ പുരയുമാണ് തകർത്തത്.
ആറരയോടെ നിർത്തി
അക്രമാസക്തനായ ആനയെ രാത്രി വൈകി തുരത്തുക പ്രയാസമായതിനാൽ 6.30 ഓടെ അധികൃതർ തുരത്തൽ ശ്രമം നിർത്തുകയായിരുന്നു. വെളിച്ചക്കുറവും പരിചയമില്ലാത്ത കുന്നിൻ പ്രദേശവും തുരത്തലിനു തടസമായി.
ആന രാത്രിയോടെ വന്ന വഴിയിലൂടെതന്നെ തിരിച്ചുപോകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ജനങ്ങൾ വെളിയിൽ ഇറങ്ങി ശബ്ദവച്ചതും കൂട്ടം കൂടി നിന്നതും പലപ്പോഴും അധികൃതർക്ക് വലിയ വെല്ലുവിളി ആയിരുന്നു. രണ്ട് തവണ റോഡ് മുറിച്ചു കടക്കാൻ വന്ന ആന തിരികെ പോയത് ജനങ്ങൾ കൂട്ടമായി നിന്ന് ശബ്ദം ഉണ്ടാക്കിയതുകൊണ്ടാണെന്ന് അവർ പറയുന്നു.
Kerala
പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ മരക്കൂട്ടത്തിന് സമീപം കാട്ടാനയിറങ്ങി. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. മരക്കൂട്ടത്തെ യൂട്ടേൺ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം ആണ് കാട്ടാന ഇറങ്ങിയത്. വനമേഖലയോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണവേലി ആന തകർത്തു.
സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടൻതന്നെ ഇടപെടുകയും സംയുക്തമായി പടക്കംപൊട്ടിച്ച് ആനയെ വനത്തിനുള്ളിലേക്ക് വിരട്ടി ഓടിക്കുകയും ചെയ്തു. നിലവിൽ തീർഥാടന പാതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
തൃശൂർ: അതിരപ്പിള്ളി പിലാർ മൂഴിയിൽ 75കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴായിരുന്നു സംഭവം.
തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന സുബ്രനെ ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെ വാഹനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
Kerala
പനമരം: അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിനു പരിക്ക്പനമരം അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിന് പരിക്ക്. പുലർച്ചെ മൈസൂർക്ക് പോകുന്നതിനായി ബസ് കയറാൻ നീർവാരത്തുനിന്നു പുഞ്ചവയിലേക്ക് നടന്നപോകുന്നതിനിടെ അമ്മാനി കവലയുടെ സമീപത്തുനിന്നാണ് ആക്രമണം ഉണ്ടായത്. നീർവാരം നെടുംകുന്നേൽ മോഹനന്റെ മകൻ സത്യനെയാണ് കാട്ടാന ആക്രമിച്ചത് പരിക്കേറ്റ സത്യനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊട്ടിപ്പാലം ടൗണിനു സമീപത്ത് വച്ചുആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടു ഭയന്ന ഫരീദ് ഹാജി സ്കൂട്ടർ സഹിതം നിലത്തുവീണു. ഇതിനകം കാട്ടാന ഇദ്ദേഹത്തെ പിടികൂടാനായി സ്കൂട്ടറിനടുത്തു വരെ പാഞ്ഞെത്തുകയും ചെയ്തു. സ്കൂട്ടറിനു തൊട്ടടുത്തെത്തിയ ആന ചിന്നം വിളിച്ച് റോഡിലൂടെ തിരിഞ്ഞോടിയതിനാലാണ് ഫരീദ് ഹാജി രക്ഷപ്പെട്ടത്.
ഒരു മാസം മുന്‍പ് പേരട്ട തൊട്ടിപ്പാലം മേഖലയിൽ ഇറങ്ങിയ കൊമ്പൻ തന്നെയാണ് ഇന്നലെ തൊട്ടിപ്പാലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തവണആന വീടുകളുടെ മുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷം കാട്ടാനശല്യം തടയാൻ സോളാർവേലികൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കിയിരുന്നു. കാട്ടാന കടന്നുവരുന്നത് തടയാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന് ഭാഗ്യം കൊണ്ടു മാത്രമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് ഫരീദ് ഹാജി പറഞ്ഞു. വാഴത്തോട്ടത്തിൽ നിൽക്കുകയായിരു ന്ന താൻ ആനയെ തൊട്ടടുത്തെത്തിയപ്പോഴാണ് കണ്ടത്.
വാഹനം ഉപേക്ഷിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയാലോ എന്നാലോചിക്കുന്പോഴേക്കും സ്കൂട്ടർസഹിതം വീണു. ഇതിനകം ആന തൊട്ടടുത്തെത്തിയിരുന്നു. സ്കൂട്ടർ വീഴുന്നതിന്റെയും തന്റെ കരച്ചിലും കേട്ടു ഭയന്ന് തിരിഞ്ഞോടിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. അല്ലെങ്കിൽ എല്ലാം അവിടെ തീരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
മലപ്പുറം: കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലനാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് - 66), ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്.
രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും.
കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ധര്‍മഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വാവേലി ഉള്‍പ്പെടെയുള്ള മേഖല. മുന്‍പും സമാനമായ പല സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
Kerala
തൃശൂർ: കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തുരത്താനെത്തിയ വനംവകുപ്പിന്റെ ജീപ്പ് കാട്ടാന തകർത്തു.
വെള്ളിയാഴ്ച രാത്രിയിലാണ് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തത്. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
എന്നാൽ ആന ജീപ്പിന് നേരെ തിരിയുകയായിരുന്നു. ഇതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.
ഹോണടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടന്ന് ആന ഓടിയെത്തി ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പിന്റെ മുൻ വശം ആന ഇടിച്ച് തകർത്തിട്ടുണ്ട്.
കഴിഞ്ഞദിവസം വനം വാച്ചർ ബിജുവിനെ ആക്രമിച്ച അതേ സ്ഥലത്ത് തന്നെയാണ് ആന ജീപ്പും തകർത്തത്. ആക്രമണത്തിൽ ബിജുവിന്റെ കാലൊടിഞ്ഞിരുന്നു. ബിജു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
മണ്ണുത്തി (തൃശൂർ): ദേശീയപാതയിൽ കുതിരാൻ ഇരുമ്പുപാലത്തിനുസമീപം കാട്ടാന മണിക്കൂറോളം ഭീതിപരത്തി. കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്കു പരിക്കേറ്റു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി
ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു കാട്ടാന ഇറങ്ങിയത്. ജനവാസമേഖലയിലേക്കു കടന്ന കാട്ടാന വീടുകൾക്കു മുന്നിലൂടെയും ഇടവഴികളിലൂടെയും പരക്കംപാഞ്ഞു. നാട്ടുകാർ ബഹളംവച്ചും ഫോണിൽ വിളിച്ചും ആരും വീടിനു പുറത്തിറങ്ങരുതെന്നു പ്രദേശവാസികൾക്കു മുന്നറിയിപ്പ് നൽകി.
ആനയുടെ മുന്നിൽപ്പെട്ട രണ്ടുപേർ അതിവേഗം വീടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ചിലർ വീട്ടിൽ കരുതിയിരുന്ന പടക്കംപൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വനംവകുപ്പ് അധികൃതർ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ഫോറസ്റ്റ് വാച്ചർ ഐക്കര മേപ്പുറത്ത് ബിജുവിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ അടിയേറ്റ് ബിജുവിന്റെ കാലിനും ചുമലിനും പരിക്കേറ്റു. കൊമ്പുകൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ ബിജു ഒഴിഞ്ഞുമാറി. ഓടിയെത്തിയ യുവാക്കൾ ടോർച്ചടിച്ചും ബഹളംവച്ചും ആനയെ പിന്തിരിപ്പിച്ചു. ബിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ രണ്ടുമണിയോടെയാണ് ആനയെ തുരത്തിയത്. ഒരാഴ്ചയായി കാട്ടാനശല്യം മേഖലയിൽ രൂക്ഷമാണ്. കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകൾ അടക്കമുള്ളവർ റോഡിലിറങ്ങി പ്രതിഷേധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ,വാർഡ് മെംബർ ഷീല അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രമേശ് എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്താനും കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനും പരിക്കേറ്റ വാച്ചർക്കു നഷ്ടപരിഹാരം നൽകാനും കൂടുതൽ വാച്ചർമാരെ നിയമിക്കാനും ചർച്ചയിൽ ധാരണയായി.
Kerala
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. ഓവേലി ന്യൂഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.
ന്യൂഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്ക് പോയ സമയത്ത് മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. മണിയുടെ കുടുംബം പാലക്കാട് ഷൊർണൂരിൽ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാർത്തതാണ്.
അതേസമയം, മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Kerala
ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നു പുലര്‍ച്ചെ പ്രദേശത്തെത്തിയ ചക്കക്കൊമ്പന് ഒരു വീട് പൂര്‍ണമായും ഇടിച്ചുനിരത്തി. മുതുപ്ലാക്കല്‍ മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്.
ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മറിയക്കുട്ടി ചികിത്സാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സമീപവാസിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഇറങ്ങി നോക്കിയെങ്കിലും ആന വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.
പ്രദേശത്ത് പതിവായെത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനെ പിടികൂടി ഇവിടെ നിന്നു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
എടക്കര (മലപ്പുറം): നിലന്പൂരിന ടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഊരിലെ കൊടിഞ്ഞി ബില്ലി (57) യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരി ച്ചത്.
ഇന്നലെ രാവിലെ ഊരിനു സമീപമുള്ള കുന്തൻതോട് വനത്തിൽ കൂണ് ശേഖരിക്കാൻ പോയതായിരുന്നു ഇയാൾ. വൈകിയിട്ടും കണാതായപ്പോൾ ബില്ലിയുടെ മക്കൾ നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ കുന്തൻതോട് വനഭാഗത്ത് ആനകൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർമിച്ച കുളത്തിന്റെ കരയിൽ ബില്ലി മരിച്ചുകിടക്കുന്നത് കണ്ടത്.
ആനകളുടെ കാൽപ്പാടുകളും ഇയാൾ മരിച്ചുകിടക്കുന്നതിന് സമീപം കാണപ്പെട്ടിട്ടുണ്ട്. ബില്ലിയുടെ തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും ആദിവാസികളും ചേർന്ന് വൈകുന്നേരം ആറോടെ മൃതദേഹം വനത്തിൽനിന്ന് വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
എന്നാൽ, മൃതദേഹം ചാലിയാർ പുഴ കടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചില്ല. ചാലിയാർ പുഴ കടക്കവേ അഗ്നിരക്ഷാ സേനാംഗങ്ങൾ സഞ്ചരിച്ച ഡിങ്കി ബോട്ട് പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് ഒലിച്ചുപോയതിനാലാണ് മൃതദേഹം പുറത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നത്. പിന്നീടെത്തിയ എൻഡിആർഎഫ് സംഘം പുഴയിലെ തുരുത്തിൽ അകപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളെ രക്ഷപ്പെടുത്താനായി പോകുകയും ചെയ്തു.
വാണിയംപുഴ ഫേറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. ഓണത്തിയാണ് ബില്ലിയുടെ ഭാര്യ. മക്കൾ: ബാബു, കുമാർ, സിനി, മിനി. മരുമകൾ: ഷീബ.
District News
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.
District News
പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷൻ പരിധിയിലുള്ള കുളത്തുമൺ, തണ്ണിത്തോട്, അരുവാപ്പുലം, കൂടൽ, കലഞ്ഞൂർ തുടങ്ങിയ മലയോര മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയും കർഷകർക്ക് കനത്ത നഷ്ടവും വരുത്തിവെക്കുന്നു.
വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. കാട്ടാനകളെ തുരത്താൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ലെന്നും, താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ് നടപ്പിലാക്കുന്നതെന്നുമാണ് ആക്ഷേപം. വനത്തിനുള്ളിൽ ആനകൾക്ക് ആവശ്യമായ തീറ്റയും വെള്ളവും ലഭ്യമല്ലാത്തതാണ് അവയെ ജനവാസ മേഖലകളിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
കാട്ടാനകളെ തുരത്താൻ ഫെൻസിങ് സ്ഥാപിക്കുക, കിടങ്ങുകൾ നിർമ്മിക്കുക, സോളാർ വേലികൾ സ്ഥാപിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കൂടാതെ, വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രികാലങ്ങളിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കുകയും, ആനകളെ തുരത്താൻ കൂടുതൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്യണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഈ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്നുമാണ് കോന്നി കുളത്തുമൺ മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യം.